മലയാളത്തിൽ ലക്ഷണയുക്തമായ ആദ്യകൃതി ഇന്ദുലേഖതന്നെ. എന്നാൽ സാഹിത്യചരിത്രത്തിലുള്ള പ്രാധാന്യം മാത്രമല്ല 'ഇന്ദുലേഖ' യുടെ വൈശിഷ്ട്യത്തിന് അവലംബമായിരിക്കുന്നത്. ഇന്നത്തെ സമുദാ യസ്ഥിതികളെ വിഷയീകരിച്ച് എഴുതപ്പെട്ടിട്ടുള്ള നോവലുകളെയെല്ലാം ഈ കൃതി നിസ്സംശയം അതിശയിക്കുന്നു. പല വിധത്തിലും അനുകര ണീയമായ ഒരു മാതൃക അനന്തരഗാമികൾക്ക് 'ഇന്ദുലേഖ'യിൽ നിന്ന് ലഭ്യമായിട്ടുണ്ടെങ്കിലും, പൂർവ്വകൃതിയുടെ സമീപവർത്തിയാകുന്നതിനു പോലും അർഹതയുള്ള യാതൊരു സാമുദായിക നോവലും ഇതേവരെ കേരളഭാഷയിൽ ഉണ്ടായിട്ടില്ലാത്തത്, 'ഇന്ദുലേഖ'യുടെ ഗുണാതിശയ മോർക്കുമ്പോൾ ആശ്ചര്യകരവും ഭാഷാസാഹിത്യത്തിന്റെ ദാരിദ്ര്യം സ്മരിക്കുമ്പോൾ ശോച്യമാനവുമാണ്. -എം.പി.പോൾ