കാലത്തിൻ്റെ മറുകര തേടുന്ന മനുഷ്യൻ്റെ ജീവിതേതിഹാസമാണ് ഈ നോവൽ. കടന്നുപോകുന്ന ഓരോ പാതയിലും തൻ്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ ഒടുവിൽ മുന്നിൽ കാണു ന്നത് രക്തം വാർന്നുതീർന്ന മണ്ണിൻ്റെ മൃതശരീരമാണ്. അയാൾക്ക് കൂട്ടായി സ്വന്തം നിഴൽ മാത്രം ശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിൻ്റെ ഗോപുരങ്ങളിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയോ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നംകണ്ടുണങ്ങിയ പുഴപോലെ, ജീവിതത്തിൻ്റെ സമൃദ്ധികൾ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തി യുടെ കൈയൊപ്പായ എംടിയുടെ 'കാലം.' കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ