പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. - പി.കെ. രാജശേഖരൻ