നമ്മളും നമുക്ക് ചുറ്റുമുള്ളവയും എന്തുകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് പിന്നാലെയുള്ള അന്വേഷണമാണ് 'അഹം ദ്രവ്യാസ്മി'. സൂക്ഷ്മലോകത്തിലെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാന തത്വങ്ങളെ ലളിതമായി വിവരിക്കാനുള്ള ഒരു ശ്രമം കൂടിയാണത്. പല വസ്തുക്കൾ പലതരം ദ്രവ്യങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നാമെങ്കിലും, എല്ലാറ്റിലും ആത്യന്തികമായി ചില പൊതുവായ ചേരുവകളാണുള്ളത് എന്ന് ശാസ്ത്രം പറയുന്നു. സൂക്ഷ്മതലത്തിലേയ്ക്ക് പോകുന്തോറും രാസതൻമാത്രകൾ, ആറ്റങ്ങൾ, സബറ്റോമിക കണങ്ങൾ, എന്നിങ്ങനെ ഒടുവിൽ ഒരുകൂട്ടം മൗലികകണങ്ങളിലാണ് ഇന്നത്തെ അന്വേഷണം ചെന്ന് നിൽക്കുന്നത്. സൂഷ്മകണങ്ങളുമായി ബന്ധപ്പെട്ട പല വസ്തുതതകളും പ്രതിഭാസങ്ങളും സാമാന്യബുദ്ധിയ്ക്ക് നിരക്കാത്തതാണ്. അവയെ സങ്കീർണഗണിതത്തിന്റെ അകമ്പടിയില്ലാതെ തീർത്തും ലളിതമായിതന്നെ മനസിലാക്കാൻ ഒരു സാധാരണ വ്യക്തിയെ സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.