അപഹരിക്കപ്പെട്ടുപോയ പ്രണയകാലത്തിനും ഉഗ്രമായൊരു പ്രതികാരത്തിനുമിടയില്‍ ഞെരുങ്ങി, മരണത്തിന്റെ പെട്ടിപണിഞ്ഞ് ജീവിതത്തിന്റെ അന്നം തേടാന്‍ വിധിക്കപ്പെട്ട ഹെന്‍ട്രിയെന്ന ശവപ്പെട്ടി പണിക്കാരന്‍. സമയത്തിന്റെ ദുരൂഹ മാനങ്ങളിലൂടെ അപ്രദക്ഷിണമായി സഞ്ചരിക്കുന്ന ആന്റിക്ലോക്ക് നിര്‍മ്മിച്ച് കാലത്തിന്റെ ഘടികാര ചലനങ്ങളുടെ ദിശ തെറ്റിക്കുന്ന പഴയകാല ഐ.എന്‍.എ. പോരാളിയായിരുന്ന പണ്ഡിറ്റ് എന്ന നൂറ്റിപ്പന്ത്രണ്ട് വയസ്സുകാരന്‍. ചെറുസൂചികളും പല്‍ച്ചക്രങ്ങളുമായി മാറുന്ന കഥാപാത്രങ്ങളിലൂടെ വികസിച്ച്, നെയ്യാര്‍ ഡാമിനോടുചേര്‍ന്ന പ്രദേശത്തിന്റെ നാട്ടുവഴക്കങ്ങളിലൂടെയും ഗ്രാമ്യഭാഷയിലൂടെയും ആന്റിക്ലോക്ക് വായനയുടെ വ്യത്യസ്തമായൊരു ഭ്രമണപഥം തീര്‍ക്കുന്നു. പ്രപഞ്ചത്തിന്റെ ജൈവതുലനത്തെ വെല്ലുവിളിക്കുന്ന എല്ലാ ഏകാധിപത്യങ്ങള്‍ക്കു നേരേയും കാലത്തിന്റെ സമയസൂചികള്‍ വില്ലുകുലച്ച് നില്‍ക്കുന്നുവെന്ന മുന്നറിയിപ്പുകൂടിയാണ് ആന്റിക്ലോക്ക്. പുതിയ ഭൂമികകള്‍ തേടുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന വി.ജെ. ജയിംസിന്റെ തൂലികയില്‍നിന്ന് നിരീശ്വരനു ശേഷം പിറന്ന നോവല്‍