മിഷേൽ ഒബാമ എനിക്കിനിയും അറിയാത്തതായി ഒരുപാടുണ്ട്- അമേരിക്കയെപ്പറ്റി. ജീവിതത്തെപ്പറ്റി, വരുംകാലം കരുതിവെച്ചിരിക്കുന്നതിനെപ്പറ്റി. പക്ഷേ, എനിക്ക് എന്നെ നന്നായി അറിയാം. കഠിനമായി അധ്വാനിക്കുവാനും ഇടയ്ക്കിടെ ചിരിക്കുവാനും വാക്കു പാലിക്കുവാനുമാണ് എന്റെ പിതാവ് ഫ്രെയ്‌സർ എന്നെ പഠിപ്പിച്ചത്. സ്വതന്ത്രമായി ചിന്തിക്കേണ്ടതും ശബ്ദമുയർത്തേണ്ടതും എങ്ങനെയെന്ന് എനിക്ക് കാട്ടിത്തന്നത് എന്റെ അമ്മ മെരിയൻ ആണ്. ഷിക്കാഗോയുടെ തെക്കുള്ള ഇടുങ്ങിയ മുറിയിൽനിന്ന് അവരിരുവരും ചേർന്നാണ് ഞങ്ങളുടെയും എന്റെയും ഈ കൊച്ചുകഥയ്ക്ക് ജീവൻ നൽകിയത്. അതിലൂടെ ഞങ്ങളുടെ ഈ മഹത്തായ രാജ്യത്തിന്റെ വലിയ കഥയും ഞാനറിഞ്ഞു. അത് അത്ര സുന്ദരമോ പൂർണ്ണമോ ആയിരിക്കില്ല. പക്ഷേ, ചിലപ്പോഴൊക്കെ നമ്മളാഗ്രഹിക്കുന്നതിനെക്കാൾ യാഥാർത്ഥ്യമായിരിക്കാം- എങ്കിലും നമ്മുടെ കഥ മാത്രമാണ് എപ്പോഴും നമ്മുടേതായി ബാക്കിയാവുക. അമേരിക്കയിൽ കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെന്ന നിലയിൽ താൻ അനുഭവിച്ച വംശീയതയും ലിംഗവിവേചനവും തന്റെ ജീവിതത്തെ രൂപപ്പെടുത്തിയതും പ്രഥമവനിതയായതിനുശേഷമുള്ള സ്വത്വ പ്രതിസന്ധി തന്നെ വിഷാദത്തിനടിമയാക്കിയതും മിഷേൽ ഒബാമ ബിക്കമിങ്ങിലൂടെ തുറന്നുപറയുന്നു.