ഊഷരഭൂമി’ക്കുശേഷം ഒരു നൂറ്റാണ്ടിനിപ്പുറം ‘ഉര്‍വ്വരഭൂമി’ എഴുതിക്കൊണ്ടിരിക്കുന്ന ടി.എസ്. എലിയറ്റും എഴുത്തിലേക്കും ഭൂമിയിലേക്കുമുള്ള രണ്ടാംവരവ് ആഘോഷിക്കുന്ന ഡബ്ലിയൂ.ബി. യേറ്റ്‌സും രമണനെ വില്ലനാക്കി ഒരു ടെലിവിഷന്‍ സീരിയല്‍ എഴുതിക്കൊണ്ടിരിക്കുന്ന ചങ്ങമ്പുഴയുമെല്ലാം കടന്നുവരുന്ന ‘മരണത്തെക്കുറിച്ച് ഒരു പ്രബന്ധം’, ജനിതകമാറ്റംകൊണ്ട് ഒരു സൂക്ഷ്മജീവിയായി പരിണമിച്ച ഗോവിന്ദന്‍ മന്ത്രവാദിയുടെ സങ്കീര്‍ണ്ണജീവിതം പറയുന്ന ‘ജനിതകം’, എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കുറേ നിറങ്ങള്‍ മാത്രമുള്ള ഒരു അമൂര്‍ത്ത ചിത്രത്തില്‍നിന്ന് ഗാന്ധിയാകാനിടയുള്ള ഒരാള്‍രൂപത്തെ കണ്ടെടുത്ത് ചിത്രകാരനെ കൊന്നുകളയുന്ന ഒരു ഗോഡ്‌സേ ആരാധകനെ വരച്ചുകാണിക്കുന്ന ‘കത്തി’ എന്നീ കഥകളുള്‍പ്പെടെ അതിര്‍ത്തികള്‍, ആശുപത്രിയിലെ കാന്റീന്‍, ബഷീറിന്റെ ഫെയ്‌സ്ബുക്ക്, സാധാരണക്കാരന്‍, രൂപാന്തരം, വില്ല നമ്പര്‍ 90, ദയാവധം, അസ്ഥികളുടെ സ്വപ്‌നം തുടങ്ങി യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും ഭാവനയും ചരിത്രവും ആത്മകഥാംശവുമെല്ലാം തിരയടിച്ചാര്‍ക്കുന്ന വേറിട്ട കഥകളുടെ അശാന്തസമുദ്രം. സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം