ചരിത്രനാടകങ്ങളിൽ ഹെൻട്രി അഞ്ചാമനെ അവതരിപ്പിച്ച് ഷേക്സ‌്‌പിയർ ബ്രിട്ടൻ്റെ ഇതിഹാസം രചിച്ചതുപോലെ രാജാ കേശവദാസിനെ ചിത്രീകരിച്ചുകൊണ്ട് തെക്കൻകേരളത്തിന്റെ ചരിത്രം വിവരിക്കുകയാണ് സി.വി.രാമൻപിള്ള. ഇതിഹാ സമാനം കൈവരിച്ച നോവൽ എന്നാണ് പ്രൊഫ.എസ്. ഗുപ്തൻനായർ ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഒരു നായർമഹാകാവ്യം എന്ന് എം.പി.പോളും. ഹരിപഞ്ചാനനൻ, കേശവപ്പിള്ള, ചന്ത്രക്കാറൻ, ത്രിപുരസുന്ദരിക്കൊച്ചമ്മ, പവതിക്കൊച്ചി തുടങ്ങിയവരിലൂടെ സൃഷ്ടിക്കുന്ന നാടകീയ സംഭാഷണങ്ങൾ സി.വി.യുടെ അജയ്യമായ ശൈലിക്ക് ഉത്തമോദാഹരണമാണ്. ഈ നോവലിലെ നായകൻ കേശവപിള്ളയോ, യോഗീശ്വരനോ എന്നു സംശയം ജനിപ്പിക്കുന്ന വിധത്തിൽ ഉജ്ജ്വലമായ പാത്രസൃഷ്ടിയിലൂടെ തിരുവിതാംകൂറിനെത്തന്നെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് സി.വി.