ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ രചിച്ച ‘ഡ്രാക്കുള’ ലോകഭാഷകളിലെല്ലാം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിലൂടെ പുരോഗമിക്കുന്ന ഈ രചന എപ്പിസ്റ്റോളജി ശൈലിയിലുള്ള നോവലാണ്. കാർപത്യൻമലയിലെ ഡ്രാക്കുള പ്രഭുവാണ് ഇതിലെ പ്രധാന കഥാപാത്രം. പകൽ മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുകയും രാത്രി തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു ഡ്രാക്കുള പ്രഭു. പ്രഭുവിനെക്കുറിച്ചു കേട്ടറിഞ്ഞ് കൊട്ടാരത്തിലെത്തുന്ന ജൊനാഥൻ എന്ന അഭിഭാഷകനാണ് മറ്റൊരു കഥാപാത്രം. ആദ്യന്തം ജിജ്ഞാസ വളർത്തുന്ന ഈ രചന നെഞ്ചിടിപ്പോടെയേ വായിച്ചു തീർക്കാനാവൂ.