സൂഫിദര്‍ശനത്തിന്റെ ആത്മസത്തയില്‍നിന്നു തെറിച്ചുവീണ ഒരു കനല്‍ത്തിരി ‘ഫക്കീര്‍’ എന്ന കഥയിലുണ്ട്. വന്യതയും ഏകാന്തതയും പരിവ്രാജകജീവിതവും ഇഴചേരുന്ന ആഖ്യാനം. വായിച്ചുവരവേ, ഒരു ഭാവന മനസ്സിലുടക്കിനിന്നു. എന്തുകൊണ്ടാണ് വെറുമൊരു ഓടക്കുഴല്‍ ഇത്രമേല്‍ മധുരതരമായി സംഗീതം പൊഴിക്കുന്നത്? മുളങ്കാടിന്റെ മടിത്തട്ടില്‍നിന്ന് പറിഞ്ഞുപോന്നതിന്റെ വേദനയാണ് സംഗീതമായി ചുരക്കുന്നതെന്ന് മനാഫ് പറയുന്നു. – റഫീക്ക് അഹമ്മദ് സ്വപ്നത്തിന്റെ വെളിച്ചത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു ജ്വലനം കെ.എ. മനാഫിന്റെ ‘ഒരു മുസാഫിറിന്റെ ഓര്‍മ്മയ്ക്ക് ‘ എന്ന കഥ അങ്ങനെയൊരു അനുഭവം തരുന്നു. ഒരു ഊന്നുവടി തന്ന് മറഞ്ഞുപോയ മുസാഫിറിന്റെ ഓര്‍മ്മയുമായി ജീവിതോര്‍ജ്ജം കൈവരിച്ച് മുന്നോട്ടുപോകുന്ന കഥാപാത്രമാണ് കഥ പറയുന്നത്. ആത്മീയപ്രകാശത്തിന്റെ നിറസാന്നിദ്ധ്യം കഥയിലുണ്ട്. തേന്മാവില്‍ ബഷീറിനെ ഓര്‍മ്മിക്കുന്ന ഫക്കീറിന്റെ പരിവേഷം ഈ മുസാഫിറിനുമുണ്ട്. ഹൃദ്യമായി ദ്രവീകരണ ശക്തിയോടെ മനാഫ് കഥ പറഞ്ഞിരിക്കുന്നു. ആ ഊന്നുവടിയുടെ താങ്ങ് നമുക്കു വലിയ പോസിറ്റീവ് എനര്‍ജി സമ്മാനിക്കുന്നു. – വി.ആര്‍. സുധീഷ്