ഒന്നര നൂറ്റാണ്ടുമുമ്പ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽനിന്ന് ഒരു കഥാപാത്രം, ഗോവർധൻ, ഇറങ്ങിനടക്കുന്നു. നിരപരാധിയായിട്ടും, നിരപരാധിയെന്ന് എല്ലാവരും സമ്മതിച്ചിട്ടും, ശിക്ഷിക്കാൻ വിധിക്കപ്പെട്ട ഗോവർധന്റെ മുമ്പിൽ, പുറത്ത്, അനീതിയുടെ അനന്തവിസ്മൃതിയിലാണ്ട ലോകത്തിൽ കാലം തളംകെട്ടിക്കിടക്കുകയാണ്. പിമ്പോ മുമ്പോ ഭൂതമോ ഭാവിയോ ഇല്ലാതായ അയാളുടെകൂടെ പുരാണങ്ങളിൽനിന്നും, ചരിത്രത്തിൽ നിന്നും സാഹിത്യത്തിൽനിന്നും ഒട്ടേറെ കഥാപാത്രങ്ങൾ ചേരുന്നു. ചിലർ അയാൾക്കൊപ്പം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്. ചിലർ അയാളുടെ ചോദ്യങ്ങൾക്കിരയായി. നിശ്ചലമായ ചരിത്രത്തിൽ അലകൾ ഇളകുവാൻ തുടങ്ങുന്നു. കാലം കലുഷമാകുന്നു.