"ഇന്ത്യയെന്ന ആശയത്തിലെ ഏതാനും ചില മടക്കുകളിലേക്കും ഞൊറികളിലേക്കും ഉള്ള ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണിത്. കുറുവടിയേന്തി തെരുവിലിറങ്ങിയ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെയും, രവീതീരത്ത് അർദ്ധരാത്രിയിൽ നെഹ്റുവിനൊപ്പം നൃത്തം ചെയ്ത ഓർമയിൽ ജീവിതം മുഴുവൻ ഉരുകിക്കഴിഞ്ഞ ഇന്ത്യാചരിത്രത്തിലെ ദുരന്തനായകനായ ഗാഫർഖാനേയും നിങ്ങൾക്കിതിൽ കാണാം. ആറടി രണ്ടിഞ്ച് ഉയരത്തിൽ അഹങ്കരിച്ച അയൂബ്ഖാനെ മുട്ടുകുത്തിച്ച ലാൽ ബഹാദൂർ ശാസ്ത്രിയും, ദില്ലിയിലെ ജുമാമസ്ജിദിന്റെ പടവുകളിൽ നിന്നുകൊണ്ട് ഇന്ത്യൻ മുസ്ലിങ്ങളോട് ‘ഇതാണ് നിങ്ങളുടെ രാജ്യമെന്ന്’ വികാരഭരിതനായി വിളിച്ചുപറഞ്ഞ ആസാദും ഈ പുസ്തകത്തിലുണ്ട്."