കേരളം ഏറ്റവും ചര്‍ച്ച ചെയ്ത രാഷ്ട്രീയജീവിതങ്ങളിലൊന്നാണ് ഇ.പി. ജയരാജന്റേത്. കെ.എസ്.എഫ്. എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെ ആരംഭിച്ച രാഷ്ട്രീയജീവിതം, അടിയന്തരാവസ്ഥയുടെ ഭീതിദദിനങ്ങളെ പ്രതിരോധിച്ച യൗവനം, പക്വതയും പാകതയും നിലനിര്‍ത്തിയ രാഷ്ട്രീയസംഘാടനം… ഇതിനിടയില്‍ ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി, പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാനമന്ത്രി… രാഷ്ട്രീയ എതിരാളികളുടെ കടുത്ത ആക്രമണമാണ് ഇ.പി. ജയരാജന്‍ നേരിട്ടതും തരണംചെയ്തതും. ജീവിതവും മരണവും നേര്‍ക്കുനേര്‍ നിന്ന് വടംവലിച്ച സന്ദര്‍ഭങ്ങള്‍, ജീവനെടുക്കാന്‍ വന്ന്, ശരീരത്തിന്റെ ഭാഗം തന്നെയായി മാറിയ വെടിയുണ്ട, ഉന്നം തെറ്റിപ്പോയ ബോംബുകള്‍, ജീവിതം തിരികെക്കിട്ടിയ നാളുകള്‍… തിരിഞ്ഞുനോക്കുമ്പോള്‍ ഒരു മിസ്റ്ററി ത്രില്ലറായോ മിത്തായോ മാത്രം കണ്ടെടുക്കാവുന്ന കഥകളുടെ സഞ്ചയമാണ് ഇ.പി. ജയരാജന്റെ ജീവിതം. ഇതാണെന്റെ ജീവിതം ആ ആത്മകഥനത്തിന്റെ പേരാകുന്നു. കേരളരാഷ്ട്രീയത്തിലെ സമരതീക്ഷ്ണമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന ആത്മകഥ