യക്ഷി-ഗന്ധർവന്മാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്‌മചാരികളായ മാന്ത്രികന്മാരുടെ ആരാധനാമൂർത്തി കൃഷ്ണപ്പരുന്താണ്. ഓരോ തലമുറയിലെയും മുതിർന്ന പുരുഷന്മാർ കാരണവരിൽനിന്നും ദീക്ഷ ഏറ്റുവാങ്ങി മന്ത്രസിദ്ധി സ്വീകരിച്ചുപോന്നു. ആ പാരമ്പര്യം കുമാരൻതമ്പി എന്ന മാന്ത്രികനിലെത്തിയപ്പോൾ പുത്തൂർ തറവാട് ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുൻപിൽ പറക്കുന്ന കരിയിലയാണയാൾ. കുമാരൻതമ്പി ഒളിച്ചോടുന്നത് ജീവിതത്തിൽനിന്നു മാത്രമല്ല, സ്വന്തം ദൗർബല്യങ്ങളുടെ അനന്തരഫലത്തിൽനിന്നുകൂടിയാണ്. മന്ത്രവാദം ശക്‌തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല.