വാക്കും അഗാധമായ മൗനവും മാത്രമായിരുന്നില്ല എം.ടി. വാസുദേവന്‍ നായര്‍. അന്തസ്സും അഭിമാനവുമുള്ള കാഴ്ചകൂടിയായിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും ഏകാകിയാവാന്‍ സിദ്ധിയുള്ള എം.ടി., ഒരു മഹത്തായ കാലത്തിന്റെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളുടെ പ്രതീകമായി നമുക്കു മുന്നില്‍ ജീവിച്ചു. എഴുത്തുപോലെ ലളിതമായും അനാര്‍ഭാടമായും അദ്ദേഹം ലോകത്തിനു മുന്നില്‍ ഓരോ തവണയും വെളിപ്പെട്ടു. മുപ്പതു വര്‍ഷങ്ങള്‍ എം.ടിയെ പിന്തുടര്‍ന്ന ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അനര്‍ഘനിമിഷങ്ങളുടെ ദൃശ്യസമാഹാരമാണിത്. രഘു റായിയുടെ മദര്‍ തെരേസയെപ്പോലെ നിമായ് ഘോഷിന്റെ സത്യജിത് റായിയെപ്പോലെ ഈ ഫോട്ടോകളിലൂടെ കെ.കെ. സന്തോഷ് എം.ടിയെയും അദ്ദേഹം പ്രവര്‍ത്തിച്ച ഒരു വലിയ കാലത്തെയും അടയാളപ്പെടുത്തുന്നു