എന്നെക്കാൾ എത്രയോ പ്രശസ്തമാണ് എന്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന നോവൽ. നോവൽ നോവലിസ്റ്റിനെ മറികടന്ന് ദൂരേക്ക്, ദൂരേക്ക് പോകുന്ന പ്രതിഭാസമാണിത്. എന്നാൽ ഒരു നോവൽ, ഫോട്ടോകൾ ആയി മാറുന്നത് അപൂർവ്വമാണ്. അത്തരമൊരു സൗഭാഗ്യമാണ് മയ്യഴിപ്പുഴയുടെ തീരങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഞാൻ അന്വേഷിച്ചുനോക്കി. മറ്റു രാജ്യങ്ങളിലെ മറ്റു ഭാഷകളിലൊരിടത്തും അങ്ങനെ സംഭവിച്ചതായി കണ്ടില്ല. സാഹിത്യ കലാ മേഖലകളിൽ എന്നും പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരുന്ന ഫ്രാൻസിൽപോലും ഏതെങ്കിലുമൊരു നോവൽ അങ്ങനെ ക്യാമറക്കണ്ണിലൂടെ പുനരവതരിച്ചതായി കണ്ടില്ല. അവർ പോലും ചെയ്തിട്ടില്ലാത്ത ഒരു ദൗത്യമാണ് ഡി. മനോജ് വൈക്കം ഏറ്റെടുത്തത്. അക്ഷരങ്ങളിൽ ജീവിക്കുന്ന നോവലിന് ഈ ഛായാഗ്രാഹകൻ ദൃശ്യഭാഷ്യം നൽകി. അതിന് നൈപുണ്യം മാത്രം പോരാ. അത് കലയെയും സാഹിത്യത്തെയും നെഞ്ചിൽ ചേർത്തുപിടിക്കുന്ന ഒരാൾക്കുമാത്രം ചെയ്യാൻ സാധിക്കുന്നതാണ്.'' - എം. മുകുന്ദൻ