മുഖവുര ഞാൻ 'നളിനി' എഴുതാൻ ആരംഭിച്ചിട്ടു മൂന്നു കൊല്ലത്തിനു മേലാകും, 'മിതവാദി'യിൽനിന്ന് എൻ്റെ 'വീണപൂവ്' പകർത്തി എഴുതി സി.എസ്. സുബ്രഹ്‌മണ്യൻ പോറ്റി ബി.എ. അവർകൾ 'ഭാഷാപോ ഷിണി'യിൽ പ്രസിദ്ധപ്പെടുത്തിയ കാലത്താണ് ഞാൻ ഇതു തുടങ്ങിയത്. പിന്നെ പല അസൗകര്യങ്ങളാലും പൂർത്തിയാകാതെ കിടക്കുന്ന ഏതാനും ഖണ്ഡകൃതികൾ അടങ്ങിയ എൻ്റെ നോട്ടുപുസ്‌തകവനത്തിൽ വളരെ ക്കാലം തപസ്സുചെയ്‌തശേഷം ഈ കൃതിയിൽ പ്രത്യേകമുള്ള എന്റെ 'ഒരു സ്നേഹം'കൊണ്ടും ബി.വി.ബുക്ക് ഡിപ്പോക്കാരുടെ ഉത്സാഹം കൊണ്ടുമാണ് കഴിഞ്ഞ ഇംഗ്ലീഷുവർഷാവസാനത്തോടുകൂടിയെങ്കിലും, 'നളിനി'ക്കു 'ദിവാകര' കരസ്‌പർശമുണ്ടാവാൻ ഇടയായത്. അവതാരികയിൽ പറയുന്നതുപോലെ ഇത് ഒരു പുതിയ പ്രസ്ഥാന മാണെന്നും അതുകൊണ്ട് ഇപ്പോഴത്തെ കവിതാഗതി അനുസരിച്ച് ഇതിൽ സാധാരണ വായനക്കാർക്ക് അഭിരുചി തോന്നുമോ എന്നും എനിക്കു സംശയം തോന്നി. ആ സ്ഥിതിക്ക് ഇതിൽ അടങ്ങിയ ആശയങ്ങളെ ഏതാണ്ട് വെളിപ്പെടുത്തി വായനക്കാരുടെ ശ്രദ്ധയെ ആകർഷിക്കത്തക്ക ഒരു അവതാരിക എഴുതിച്ചേർത്താൽ വളരെ പ്രയോജനകരമായിരിക്കു മെന്നു ഞാൻ വിചാരിച്ചു. ആ ഉദ്ദേശം മഹാപണ്ഡിതനും, മഹാകവിയു മായ മഹാമഹിമശ്രീ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ തിരുമ നസ്സിനെക്കൊണ്ട് നിർവഹിപ്പിക്കേണമെന്ന എൻ്റെ ആഗ്രഹത്തെ അവിടെ അറിയിക്കയും, സൗജന്യനിധിയായ അവിടുന്ന് അതു സന്തോഷപുരസ്സരം സമ്മതിക്കയും ചെയ്തു. അവതാരിക സംക്ഷിപ്‌തമാണെങ്കിലും ഇതിൽ കവി മര്യാദ അനുസരിച്ചു മൂടിവെച്ചിരുന്ന മുഖ്യസ്ഥാനങ്ങളിൽ എല്ലാം മർമ്മജ്ഞനായ അവിടുത്തെ വിരലുകൾ നൈപുണ്യത്തോടെ പ്രവേശി ച്ചിരിക്കുന്നതായി കാണുന്നതിൽ എനിക്കു വലിയ ചാരിതാർത്ഥ്യം തോന്നുന്നു. ശബ്ദസംബന്ധമായ നിർബന്ധങ്ങളിൽ ചിലത് ഒഴിവാക്കിയിരുന്നെ ങ്കിൽ മാറ്റുകൂടുമായിരുന്നില്ലേ എന്ന് അവതാരികയിൽ ശങ്കിക്കുന്നു. അതു കൊണ്ട്, ഈ കവിതയിൽ സർവത്ര കാണുന്ന ദ്വിതീയാക്ഷരപ്രാസനിർബ ന്ധത്തിന്റെയോ മറ്റോ സന്താനമായി വല്ല അസ്വാരസ്യമോ അർത്ഥഗ്രഹ വിളംബരമോ ഒക്കെ വല്ല ദിക്കിലും വന്നിട്ടുള്ളതായി തിരുമനസ്സിലേക്കു തോന്നിയിരിക്കണം. ആ ന്യൂനതയെ ഞാൻ സമ്മതിക്കുന്നു. എൻറെ അപേക്ഷയെ സ്വീകരിച്ചു പുസ്‌തകം മുഴുവൻ സശ്രദ്ധം വായിച്ചുനോക്കി ഈ സരസമായ അവതാരിക എഴുതുവാൻ ദയയുണ്ടായ തിരുമനസ്സിലെ നേർക്ക് ഞാൻ എന്നും കൃതജ്ഞനാണ്. ബി.വി. ബുക്കു ഡിപ്പോക്കാരുടെ നേർക്കും ഇതിൻ്റെ പ്രസിദ്ധീകരണവിഷയത്തിൽ എനി ക്കുള്ള കൃതജ്ഞത ഒട്ടും കുറഞ്ഞതല്ല. ഈ മുഖവുരയോടുകൂടി 'നളിനി'യെ സഹൃദയരായ വായനക്കാരുടെ മുമ്പാകെ അയച്ചുകൊള്ളുന്നു. തിരുവനന്തപുരം,