“വ്യംഗ്യഭംഗിയുള്ള ശീർഷകങ്ങളിലൂടെ ആകർഷിക്കുന്നതിനും വിഷയം നാടകീയമായി അവതരിപ്പിക്കുന്നതിനും നർമംകൊണ്ട് ഭാസുരമാക്കുന്നതിനും ഉചിതകഥകൾകൊണ്ട് രസകരമാക്കുന്നതിനും യുക്തികൊണ്ട് ഉറപ്പുള്ള അടിത്തറ കെട്ടിപ്പടുക്കുന്നതിനുമുള്ള ബഹുമുഖവൈഭവങ്ങൾ ഈ ഗ്രന്ഥത്തെ രമ്യോപന്യാസശാഖയിലെ ഒരു അത്ഭുതപ്പിറവിയാക്കിയിരിക്കുന്നു. ഇതിഹാസങ്ങൾ, ഐതിഹ്യങ്ങൾ, സംഭവങ്ങൾ, കെട്ടുകഥകൾ, വിവിധ ദേശീയചരിത്രങ്ങൾ മുതലായവയെല്ലാം സന്ദർഭോചിതമായി ഉപയുക്തമാക്കുന്നതിലുള്ള പ്രത്യുത്പന്നമതിത്വം അനുപമമായിരിക്കുന്നു. നോട്ടം തെറ്റാതിരിക്കാൻ ശ്രദ്ധിക്കുന്ന ഈ ഗ്രന്ഥകർത്താവ് വൈരുദ്ധ്യങ്ങളെ കൊന്പിൽത്തന്നെ പിടിച്ച് കൊമ്പുകുത്തിക്കാൻവേണ്ടുന്ന വാഗ് വിഭുത്വത്തിനുടമയാണ്. വൈരുധ്യങ്ങളെപ്പറ്റി ആനന്ദബോസ് ബോധവാനുമാണ്.”