ജയശീലന്‍ പണ്ടിരുന്ന ഇരിപ്പ് ഞാനോര്‍ത്തു. കസേരയില്‍ ഇടം ബാക്കിയാവുന്ന ഇരിപ്പ്. വാച്യാര്‍ത്ഥം കഴിഞ്ഞും വാക്കില്‍ ഇടം ബാക്കിയുള്ള കവിതയുടെ ഇരിപ്പ്. വിവിധ സന്നദ്ധതകളുടെ വ്യംഗ്യത്തികവ് ആ അംശയിരിപ്പില്‍ ഇരിപ്പുനിറച്ചു; ധ്യാനശീലന്റെ യോഗിയിരിപ്പ്. തന്നിലിരിക്കാതെ അലയുന്നവന്‍, ഉലയുന്നവന്‍, അസ്വസ്ഥന്‍. തന്നിലിരിക്കുന്നവന്‍ സ്വസ്ഥന്‍. തന്നിലിരിപ്പിന്റെ സ്വാസ്ഥ്യമായിരുന്നു എന്നും ജയശീലന്റെ ഇരിപ്പിലെ കരണഭദ്രത; വാക്കിലും വീട്ടിലും… -കെ ജി എസ് ‘ഞാഞ്ഞൂള്‍പുരാണം’പോലെ, ‘വിശ്വരൂപന്‍’പോലെ ‘ആപ്പിള്‍ കാണല്‍’ പോലെ, മറ്റനേകം ജയശീലന്‍ കവിതകള്‍പോലെ ഒരേസമയംതന്നെ ലളിതവും അതിസങ്കീര്‍ണ്ണവും സാധാരണവും അസാധാരണവുമായ ജീവിതാനുഭവങ്ങളുടെ പുസ്തകം. മലയാള കവിതാലോകത്ത് എക്കാലവും ഒറ്റപ്പെട്ടുനിന്ന കവിതകളും ഭാഷാശാസ്ത്രവും അദ്ധ്യാപനവും തത്ത്വചിന്തയുമൊക്കെയായി ലോകം ചുറ്റിയ ഒരു കവിയുടെ കാവ്യജീവിതയാത്രാരേഖകള്‍. കെ ജി എസ്സിന്റെ അവതാരികയും പി.എന്‍. ഗോപീകൃഷ്ണനും സജയ് കെ.വിയും ജയശീലനുമായി നടത്തിയ അഭിമുഖങ്ങളും.