ഭയത്തിന്റെ അഭാവമല്ല ധൈര്യമെന്ന് ഓഷോ പറയുന്നു. അത് ഭയത്തിൻ്റെ പൂർണ സാന്നിധ്യമാണ്, അതിനെ നേരിടാനുള്ള ശേഷിയാണ് ധൈര്യം. ഭയമെങ്ങനെ ഉത്ഭവിക്കുന്നു, ഭയത്തെ എങ്ങനെ മനസിലാക്കാം അതിനെ നേരിടുന്നതിനുള്ള ധൈര്യം എങ്ങനെ കണ്ടെത്താം എന്നിവയെ കുറിച്ചുള്ള ഒരു വിഹഗവീക്ഷണമാണ് ഓഷോ ഈ പുസ്‌തകത്തിൽ വരച്ചിടുന്നത്. നിങ്ങൾ അനിശ്ചിതത്വത്തെ നേരിടുമ്പോൾ, സ്വന്തം ജീവിതങ്ങളിൽ മാറ്റങ്ങളുണ്ടാവുമ്പോൾ അത് ആഘോഷത്തിനുള്ള കാരണമായി മാറണമെന്ന് ഓഷോ നിർദ്ദേശിക്കുന്നു. പരിചിതമായതിൽ അറിയാവുന്നതിൽ തൂങ്ങിക്കിടക്കുന്നതിനു പകരം, സാഹസത്തിനുള്ള അവസരങ്ങളായി നമ്മൾ പുതിയ സാഹചര്യങ്ങളെ സ്വീകരിക്കണം. അങ്ങനെ സ്വയവും ചുറ്റുമുള്ള ലോകത്തെയും മനസ്സിലാക്കണം. ധൈര്യമെന്ന വാക്കിൻ്റെ അർത്ഥത്തെ കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷ ണത്തിലൂടെയാണ് പുസ്‌തകം ആരംഭിക്കുന്നത്. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തിൽ അതെങ്ങനെ ആവിഷ്‌കരിക്കപ്പെടുന്നുവെന്ന് ഓഷോ വിശദീകരി ക്കുന്നു. അസാധാരണ സാഹചര്യങ്ങളിൽ സംഭവിക്കുന്ന ധീര പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുസ്‌തകങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ആധികാരികവും പൂർണവുമായ ജീവിതം നയിക്കുന്നതിന് നമ്മളെ പ്രാപ്‌തമാക്കുന്ന ആന്തരിക ധൈര്യം വികസിപ്പിക്കുന്നതിനാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്. ഉൾഭയം കൈകാര്യം ചെയ്യുന്നതിന് നമ്മളെ സഹായിക്കുന്നതിനായി ഓഷോ വികസിപ്പിച്ച ധ്വാനമുറകളും ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.