ഈ ഭൂമിയിലെ നിസ്‌തൂലഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ. അവ ജീവിതത്തിൻ നിഗൂഢതകളെക്കുറിച്ച് സംസാരിക്കുന്നു. കഠോപനിഷത്താകട്ടെ എല്ലാ ഉപനിഷത്തുകളിലും വെച്ച് അതുല്യമത്രേ! കഠോപനിഷത്ത് ഒരു സംഭവവിവരണമാകുന്നു. ഒരു കഥ. എന്നാൽ ഈകഥയിൽ ജീവിതത്തിൽ മറഞ്ഞിരിക്കുന്നതായ എല്ലാമുണ്ട്. നിങ്ങൾ കുറോപനിഷത്ത് പലതവണ വായിച്ചിട്ടുണ്ടായിരിക്കാം അതിനെക്കുറിച്ച് പല പ്രസ്‌താവങ്ങളും കേട്ടിട്ടുണ്ടായിരിക്കാം. എന്നാൽ അതു വിചാരിക്കുന്നതുപോലെ അത്ര ലളിതമല്ല. ഋഷിവര്യന്മാർ വളരെ സങ്കീർണമായ കാര്യങ്ങളെ വളരെ ലളിതമായ രീതിയിൽ പറഞ്ഞുതരാനാണ് എപ്പോഴും ശ്രമിച്ചിട്ടുളളതെന്നോർക്കണം. അതിനു കാരണം, ഈ കാര്യങ്ങൾ മനസ്സിലാക്കപ്പെടുവാൻ വളരെ പ്രയാസമേറിയവയാണ് എന്നതാണ്. വളരെ ലളിതമായ രീതിയിൽ പറഞ്ഞാൽപോലും അവ മനസ്സിലാക്കപ്പെടുകയില്ല. അവയെ നേരാംവണ്ണം പറയുകയാണെങ്കിൽ നിങ്ങളും ഈ സത്യങ്ങളും തമ്മിൽ യാതൊരു ബന്ധവുമുണ്ടാവുകയില്ല.