പറയാൻ ബാക്കിവെച്ചതി'ൻ്റെ താളുകളിൽ തെളിയുന്ന ജീവിതചിത്രങ്ങൾ നിങ്ങളെ ചിരിപ്പിച്ചേക്കാം. എന്നാൽ നോവുകളും സ്വപ്‌നങ്ങളും കടഞ്ഞെടുത്ത നിർമലമായ ഒരു ചിരിയാണ് അതെന്നറിയാൻ ആ വരികൾക്കിടയിലൂടെ വായിക്കണം. ലക്ഷണമൊത്ത കഥയോ പുതുവായനയുടെ പുറംമോടികളോ തേടി വരേണ്ടതില്ല. നേരനുഭവങ്ങളുടെ അടിയുറപ്പിൽ അത്യധ്വാനത്തിൻ്റെയും ആത്മവിശ്വാസത്തിന്റെയും ശിലകളടുക്കി, പ്രാണനുരുക്കി പഴുതടച്ചൊരുക്കിയ ഒരു കഥാശില്‌പം. ഇതിലൂടെ കയറിയിറങ്ങുമ്പോൾ ഇടയിലെപ്പോഴെങ്കിലും നിശ്ചയമായും ഓരോ വായനക്കാരനും ഇത് ഞാൻ തന്നെയല്ലേ എന്ന് ആശ്ചര്യപ്പെടാം. ഒരിക്കൽ നടന്ന വഴികൾ കണ്ടെടുക്കാം. പറയാൻ ബാക്കിവെച്ചത് ഉറക്കെ പറയാം