ഉയർന്ന മൂക്കിലും കറുത്ത കണ്ണിലും പൗരുഷം തുളുമ്പിനില്ക്കുന്നു. പരിഘംപോലത്തെ കൈകൾ വിരിമാറിൽ പിണച്ചുകെട്ടീട്ടുണ്ട്. ഉടുത്ത പുളിയിലക്കരമുണ്ട് പിണച്ചുവെച്ച ലക്ഷണം തികഞ്ഞ കാലുകൾക്കിടയിൽ ഒതുങ്ങിച്ചുരുങ്ങി നില്ക്കുന്നു.അരയിൽ മുറുക്കിയ ഉറുമിവാളിൻ്റെ മേലെയായി രണ്ടാംമുണ്ട് അശ്രദ്ധമായി ചുറ്റിയിരിക്കുന്നു. കറുകറുത്ത ചുരുളൻമുടി കാറ്റിൽ ചെറിയ ചെറിയ വക്രരേഖകളുണ്ടാക്കുന്നു.... പയ്യംവെള്ളി ചന്തു! ഒരു നാടിനെ വിറപ്പിച്ച ധീരനായകൻ; അതുപോലെ ഏറെ തെറ്റിദ്ധരിക്കപ്പെട്ടുപോയവനും! വടക്കൻപാട്ടിൻ്റെ ശാലീനമായ ഈണത്തിൽ ചാലിച്ച് കടത്തനാട്ട് മാധവിഅമ്മ ചന്തുവിൻ്റെ കഥ പറയുന്നു. ചരിത്രവുമായി ഇണങ്ങിനിൽക്കുന്ന ഭാവോജ്‌ജ്വലമായ നോവൽ.