ഒരു ബോംബിങ്ങില്‍ അമ്പതുപേരോ നൂറുപേരോ കൊല്ലപ്പെട്ടെന്ന് വാര്‍ത്തയെഴുതുമ്പോള്‍ അതിലൊരു വ്യക്തിയുടെപോലും സ്വകാര്യജീവിതം തിരിച്ചറിയപ്പെടുന്നില്ല. അതിലൊരാളുടെപോലും സങ്കീര്‍ണമായ മാനസികാവസ്ഥ മനസ്സിലാക്കപ്പെടുന്നില്ല. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുമ്പോള്‍ അതില്‍പ്പെട്ട് കഷ്ടിച്ച് ജീവിതത്തിലേക്ക് രക്ഷപ്പെട്ടെത്തുന്ന കുഞ്ഞിന് നേരിടേണ്ടിവരുന്ന അനാഥത്വം വാര്‍ത്തയില്‍ വരുന്നില്ല. ബോംബാക്രമണത്തില്‍ മാരകമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തുന്ന ഒരാളെ രക്ഷിച്ചെടുക്കാന്‍ ഒരു ഡോക്ടര്‍ അനുഭവിക്കുന്ന ത്യാഗം സൂക്ഷ്മമായി നമ്മളറിയുന്നില്ല. യുദ്ധത്തിന്റെയും സംഘടിതമായ കൂട്ടക്കൊലകളുടെയും വ്യാപ്തി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും മൈക്രോ തലത്തിലുള്ള വൈകാരിക ആഴം മാധ്യമപ്രവര്‍ത്തനത്തില്‍ വരുന്നില്ല. ഇതൊരു യാഥാര്‍ഥ്യമാണ്. ഫീല്‍ഡില്‍ നില്‍ക്കുന്ന ഡേവിഡിനോട് അയാളുടെ എഡിറ്റര്‍ മൈക്കിള്‍ പറയുന്നത് അതാണ്- ‘നമ്മുടെ ജോലി കഥ റിപ്പോര്‍ട്ട് ചെയ്യുകയാണ്, കഥയായി മാറുകയല്ല.’ ഹരിത സാവിത്രി ഈ പുസ്തകത്തിലെ നാല് കഥകളിലൂടെ കടന്നുവരുന്നത് അവിടെയാണ്. ന്യൂസ് സ്റ്റോറികളായി നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞതില്‍ കഥയായി സ്വയം മാറിയവരെക്കുറിച്ചുള്ള കഥകളാണിത്.