ഒരു ജീനിയസ്സിൻ്റെ ബോധപൂർവമായ രചനാസാധനയും അനന്യസാധാരണമായ അനുഭവബീജവും തമ്മിൽ നടന്ന അപൂർവസങ്കലനത്തിൽ ജനിച്ച പ്രജയാണെന്നതുകൊണ്ടാണ്, ഇന്നത്തെ അപൂർണരൂപത്തിൽപോലും അനിഷേധ്യമാഹാത്മ്യമുള്ള കലാശില്പമായി ശാരദ ജീവിക്കുന്നത്. സംസ്‌കാരത്തിന്റെ മൂലധനമായ ക്ലാസിക്കുകളുടെ വിലയറിയുന്നവർക്ക് മലയാളനോവലിൻ്റെ രംഗത്തിൽ വായിച്ചുനോക്കാൻ ശാരദ യെപ്പോലെ മികച്ച വേറൊരു ക്ലാസിക്കില്ലാതായതിന്റെ കാരണവും ഇതാണ്.