പുരാതന സിൽക്ക് റൂട്ടിലെ അതിപ്രധാനമായ നഗരങ്ങൾ സ്ഥിതിചെയ്യുന്ന ഉസ്ബക്കിസ്ഥാനിലേക്കാണ് ഈ പുസ്തകത്തിൽ ബൈജു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സഹസ്രാബ്ദങ്ങളുടെ കച്ചവട ചരിത്ര മുറങ്ങുന്ന ബുഖാര, സമർഖണ്ഡ് എന്നീ പുരാതന നഗരങ്ങളും ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹമരണംകൊണ്ട് ഇന്ത്യൻ ചരിത്രത്തിൽ ഇടംപിടിച്ച താഷ്‌കെന്റും അമീർ ടിമൂറിന്റെ ജന്മദേശമായ സഹ്‌രിസബ്‌സും നാം ഇവിടെ അടുത്തറിയുന്നു. അതൊന്നും വെറും ചരിത്രംപറച്ചിൽ അല്ല. അനുഭവങ്ങളുടെ പങ്കുവയ്ക്കലാണ്. ഷെവർലെ മാത്രമുള്ള ഉസ്ബക്ക് നഗരങ്ങൾ, അവരുടെ ഇന്ത്യൻ പ്രണയം, എല്ലാവരും സ്വർണ്ണപ്പല്ലുകാരായതിന്റെ പിന്നിലെ രാഷ്ട്രീയം, ഷിംഗൺ മലനിരകളുടെയും ചർവാക് തടാകത്തിന്റെയും സൗന്ദര്യം, താഷ്‌കെന്റ് ടവർ, ഫ്രീഡം സ്‌ക്വയർ എന്നിവയുടെ ചരിത്രപ്രാധാന്യം, വഴിയാഹാരങ്ങളുടെ രുചി, എന്നിങ്ങനെ അനേകം കൈവഴികളിലൂടെയാണ് ഈ യാത്ര പൂർത്തിയാവുന്നത്. മികച്ച യാത്രാവിവരണത്തിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബൈജു എൻ. നായരുടെ ആസ്വാദ്യകരമായ രചന.