ദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയില്‍ ജീവിതമാണ്, എല്ലായ്‌പോഴും മനസ്സിന് മുന്നിൽ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു. മരണം, അര്‍ത്ഥം, വിരഹം, വിഫലം, വസന്തം എന്നിങ്ങനെ ഒട്ടേറെ വൈവിദ്ധ്യ മനുഷ്യഭാവ വിഭവങ്ങള്‍ ഒന്നൊന്നായി ജീവിതം എടുത്തുതന്നു. അതാണ് ചെറുകഥകളായത്. അകത്തെ ലോകത്തെ സാക്ഷാത്കരിക്കുന്നതിന്റെ ഉത്തോലകമെന്ന മട്ടിലാണ് ഓരോ കഥാപാത്രങ്ങളും ഇറങ്ങിവന്നത്. ഇരുമുഖനായ സ്‌കന്ദനും പെരുമാളും മായാമൃഗത്തെ പോറ്റുന്ന മാമിയും കുമാരമാമയുമെല്ലാം അങ്ങനെ ഇറങ്ങിവന്നവരാണ്.