"മനുഷ്യന്‍റെ അത്ഭുതകരമായ ആന്തരികലോകത്തെ തുറന്നുകാട്ടുന്ന, അത്യന്തം അസ്വസ്ഥമാക്കുന്ന, എന്നാൽ അത്രയേറെ മനോഹരവും ആഴമേറിയതുമായ ഒരു സാഹിത്യസൃഷ്‌ടിയാണ് ഈ നോവല്‍. സങ്കീർണ്ണമായ ഒരു മധ്യവർഗ മുസ്ലീം കൂട്ടുകുടുംബത്തിലെ ഭക്ഷണത്തിന്‍റെ മണം നിറഞ്ഞ അകത്തളങ്ങളിൽ നിന്നാണ് ഈ കഥ പുരോഗമിക്കുന്നത്. ശിഥിലമാകുന്ന ഒരു കുടുംബപശ്ചാത്തലത്തിൽ, തന്‍റെ ബാല്യകാലം മുതൽ വാർദ്ധക്യം വരെ സ്വന്തം വീട്ടിലും പുറം ലോകത്തും അലഞ്ഞുതിരിയുന്ന, വൈരുദ്ധ്യങ്ങൾക്കിടയിൽ തനിക്കായി ഒരു ഇടം കണ്ടെത്താൻ പാടുപെടുന്ന നായകന്‍. അടുക്കളയുടെ ഇരുണ്ട കോണിൽ നിന്നും ഉയരുന്ന അയാളുടെ ആത്മഗാഥ. നിശബ്ദതയും ശ്വാസംമുട്ടലും നിറഞ്ഞ ഒരു ബാല്യത്തിലൂടെയും തെറ്റിദ്ധാരണയിൽ കെട്ടിപ്പടുത്ത ഒരു വിവാഹത്തിലൂടെയും അശാന്തി നിറഞ്ഞ ഒരു രാഷ്ട്രത്തിലൂടെയും അദ്ദേഹം സഞ്ചരിക്കുമ്പോൾ ആഖ്യാതാവിന്റെ ആന്തരികലോകം കൂടുതൽ വികലമാവുകയും അടുക്കളകൾ യുദ്ധക്കളങ്ങളായി തീരുകയും ചെയ്യുന്ന കാഴ്ച്ച കാണാം. ആഹാരമെന്ന ആശയം, വെറും വിഭവങ്ങളായോ രുചിയായോ മാത്രം ഇവിടെ നിലകൊള്ളുന്നില്ല, പകരം, അത് അസ്തിത്വത്തിന്റെയും സംസ്കാരശൂന്യതയുടെയും മതത്തിന്‍റെയും ദൈനംദിന ജീവിതത്തിലെ വെളിപ്പെടുത്താനാവാത്ത ക്രൂരതകളുടെയും വർത്തമാന ഇന്ത്യയുടെ ആന്തരിക കലഹങ്ങളുടെയും ഒരു വിചിത്രമായ പ്രതീകമായി മാറുന്നു. രുചികളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് ചിന്തകളെ പായിക്കാന്‍ ഈ നോവല്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു. "