മധുശങ്കർ മീനാക്ഷിയുടെ ചെറുകഥാസമാഹാരമാണ് തെമ്മാടിക്കുഴി. പ്രമേയവൈവിധ്യം പുസ്തകത്തിന്റെ വായനയുടെ വ്യാപ്തി കൂട്ടുന്നു. ചെരട്ടമോറൻ, ഫൊറൻസിക്, പാനിപ്പൂരി എന്നിങ്ങനെ പതിനഞ്ചുകഥകൾ ഈ സമാഹാരത്തിൽ ഉൾക്കൊള്ളുന്നു. ചെരട്ടമോറൻ ഒരു പള്ളിയിലെ കുഴിവെട്ടുകാരന്റെ കഥ പറയുമ്പോൾ ഫൊറൻസിക് ഒരു ആദിവാസി പെൺക്കുട്ടിയുടെ മരണത്തിന്റെയും പാനിപ്പൂരി ക്യാമറ ഫ്രെയിമുകളിലൂടെ ബസുദേവിന്റെ ജീവിതത്തിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നു. ശീർഷക കഥയായ തെമ്മാടിക്കുഴി ചിത്രകാരനായ സുവീരനും ആൻ മേരിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നു. അങ്ങനെ തീർത്തും വ്യത്യസ്തമായ പതിനഞ്ചുകഥകളാണ് ഈ പുസ്തകത്തിൽ ഉൾച്ചേരുന്നത്.