എല്ലാത്തരം ലഹരികളും അവയുടെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുകയും വർദ്ധിച്ച ഉപഭോഗം ആവശ്യപ്പെടുകയും ചെയ്യും. അന്ധവിശ്വാസലഹരിക്കടിപ്പെട്ട് സ്വപ്നാടത്തിലുഴലുന്ന കേരളസമൂഹം ആതുരതയുടെ ആഴക്കയങ്ങളിലേക്ക് പ്രയാണമാരംഭിച്ചിട്ടു നാളേറെയായി. കിണറു മൂടിയും ഗേറ്റ് പൊളിച്ചും വീടു വിറ്റും തന്റെ ആന്ധ്യലഹരിയുടെ മൂപ്പ് പ്രകടിപ്പിക്കുന്ന മലയാളി ഭൗതികാസക്തിയുടെ കൊടുമുടി കയറുകയാണെന്നു രവിചന്ദ്രൻ പറയുന്നു. കുട്ടികൾക്കു പരീക്ഷയിൽ മാർക്കു കിട്ടാനും കന്നുകാലികളുടെ പാലുത്പാദനം വർദ്ധിപ്പിക്കാനുംവരെ വാസ്തുക്കാരന്റെ തിണ്ണ നിരങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോൾ നവോത്ഥാനകേരളം നിർദ്ദയം പരിഹസിക്കപ്പെടുകയാണ്. വാസ്തുശാസ്ത്രം കേവലമായ ഒരു 'കൊപേ' (കൊതിപ്പിക്കൽ+പേടിപ്പിക്കൽ) ആണെന്നും നിർമ്മാണവിദ്യയുമായി അതിനു യഥാർത്ഥത്തിൽ ബന്ധമില്ലെന്നും ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. പുസ്തകത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ അന്ധവിശ്വാസങ്ങളുടെ അടിത്തറയെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുമാണ്. അവസാനഭാഗത്ത് ഫെങ്ഷൂയി, ഒയ്ജ ബോർഡ്, ഡൗസിങ്, പെൻഡുലം, ബാഉ ബയോളജി തുടങ്ങിയ കപടവിദ്യകളുടെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷണം നീളുന്നു.