എൻ.വി. വിജ്ഞാനസാഹിത്യ പുരസ്കാരം, കേരളസാഹിത്യ അക്കാദമി അവാർഡ്, 2001 അന്താരാഷ്ട്ര ദ്രാവിഡഭാഷ ശാസ്ത്രസമിതിയുടെ ഗുണ്ടർട്ട് അവാർഡ്, ക്രൈസ്തവ സാംസ്കാരിക വേദി ഗുണ്ടർട്ട് അവാർഡ്, സംസ്കാര ദീപം അവാർഡ്, കെ.സി.ബി.സി. സംസ്കൃതി പുരസ്കാരം, അലക്സാണ്ടർ മാർത്തോമ്മാ അവാർഡ്, മാർത്തോമ്മാ മാത്യൂസ് പ്രഥമൻ അവാർഡ്, കേരള കൾച്ചറൽ അക്കാദമി അവാർഡ് എറണാകുളം വൈ.എം. സി.എ. ബഹുമതി, ഫെയ്ത്ത് അവാർഡ് (ഡൽഹി) ഡോക്ടർ ഓഫ് തിയോളജി (ഓണോ റീസ് കോസ) എന്നീ പുരസ്കാരങ്ങൾ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. ഡോ. ഡി. ബാബുപോളിൻ്റെ 'വേദശബ്ദരത്നാകര'ത്തിൽ സൂക്ഷ്മഗവേഷണവും പാണ്ഡിത്യവും സമഗ്രതയും ഒത്തുചേർന്നിരിക്കുന്നു. ആകെപ്പാടെ പറഞ്ഞാൽ ഈ ഗ്രന്ഥം രത്നാകരം എന്ന പേരിനെ യോഗംകൊണ്ടും രൂഢികൊണ്ടും അന്വർത്ഥമാക്കിയിരിക്കുന്നു. വിഷയം എത്ര ചെറുതായാലും സൂക്ഷ്മപഠനം നടത്താതെ ഗ്രന്ഥകാരൻ ഒന്നിനെക്കുറിച്ചും എഴുതിയിട്ടില്ല. ഈ വ്രതനിഷ്ഠ ഗ്രന്ഥത്തിൻ്റെ സാമാന്യ സ്വഭാവമാണെന്ന് പറയാൻ സന്തോഷമുണ്ട്. രചനയ്ക്കായി ഒമ്പതുവർഷം വേണ്ടിവന്ന ഈ മഹാഗ്രന്ഥം വായനക്കാർക്ക് ജീവിത കാലം മുഴുവൻ ഉപകരിക്കുമെന്ന വിചാരം, ഗ്രന്ഥകർത്താവ് ഇതിനുവേണ്ടി നേരിട്ട എല്ലാ ക്ലേശത്തെയും അതിജീവിക്കുമെന്ന് ഞാൻ കരുതുന്നു. ഡോ. സുകുമാർ അഴിക്കോട്