കേരളത്തിലെ നവോത്ഥാന പ്രസ്ഥാനമായ ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തെപ്പറ്റി പഠിക്കാനാണ് ഈ പുസ്തകത്തിൽ ചന്ദ്രമോഹൻ ശ്രമിച്ചിരിക്കുന്നത്. അദ്വൈത സിദ്ധാന്തത്തിൽ വിശ്വസിക്കുകയും സാർവ്വലൗകിക കാഴ്ചപ്പാട് പുലർത്തുകയും ചെയ്ത ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങളിൽ നിന്നാണ് എസ് എൻ ഡി പി യോഗം പ്രചോദനം ഉൾക്കൊണ്ടത്. ഗുരുവും യോഗവും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്. യോഗത്തിൻ്റെ ആജീവനാന്ത അധ്യക്ഷനായിരുന്ന അദ്ദേഹം സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഗുരുവിന്റെ ദർശനങ്ങളിൽ നിന്നാണ് യോഗത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനതത്വങ്ങൾ ഉരുത്തിരിഞ്ഞത്. അതിസൂക്ഷ്മമായ വിശദാംശങ്ങൾ സഹിതം ഈ പാരസ്പര്യത്തിൻ്റെ ചിത്രമാണ് ചന്ദ്രമോഹൻ ഇവിടെ വരച്ചിടുന്നത്.