ഒരു സ്രഷ്ടാവ് സ്വയം ഒരു ലോകമായി രൂപംകൊള്ളേണ്ടതുണ്ട്. ആവശ്യമുള്ളതെല്ലാം അയാള്‍ തന്നില്‍നിന്നും, സ്വന്തം ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചിട്ടുള്ള പ്രകൃതിയില്‍നിന്നും കണ്ടെടുക്കേണ്ടതുണ്ട്. എന്നാല്‍, തന്നിലേക്കുള്ള ഈ സഞ്ചാരത്തിനും സ്വയം വരിച്ച ഏകാന്തതയ്ക്കും ശേഷവും കവിയാകുക എന്ന ആഗ്രഹം നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നേക്കാം… ഒരാള്‍ക്ക് എഴുതാതെതന്നെ ജീവിക്കാമെന്നുണ്ടെങ്കില്‍ അയാള്‍ പിന്നെ എഴുതേണ്ടതേയില്ല. അപ്പോഴും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്ന ഈ ആത്മാന്വേഷണം വെറുതേയാവില്ല. നിങ്ങളുടെ ജീവിതം അതിനാവശ്യമായ വഴികള്‍ കണ്ടെത്തും… ഫ്രാന്‍സ് സേവര്‍ കാപ്പൂസ് എന്ന വിദ്യാര്‍ത്ഥിയുടെ പേരില്‍ ലോകത്തെമ്പാടും എക്കാലത്തുമുള്ള യുവകവികള്‍ക്കായി ജര്‍മന്‍ മഹാകവി റൈനര്‍ മറീയ റില്‍ക എഴുതിയ കത്തുകളുടെ സമാഹാരം. കലാനുഭവം, സൃഷ്ടി, ഏകാന്തത, പ്രണയം, രതി, ദൈവസങ്കല്‍പ്പം, വിശ്വാസം, വ്യഥ… തുടങ്ങി മൂര്‍ത്തവും അമൂര്‍ത്തവുമായ നിരവധി ആശയങ്ങള്‍ വിഷയമാകുന്ന, എഴുത്തുകാര്‍ക്കും എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ഒരു കൈപ്പുസ്തകം. എഴുത്തുകാരന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിശ്വോത്തരകൃതിക്ക് പ്രശസ്ത കഥാകൃത്ത് ഇ. സന്തോഷ് കുമാറിന്റെ പരിഭാഷ