അകലെ സ്വർണ്ണസിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം കേൾക്കുന്നു. 'പോരൂ എന്റെ കൂടാരത്തിലേക്ക് പോരൂ... നീ ഇനിമേൽ എന്നോടൊപ്പം വസിക്കും. നീ ഇനിമേൽ എന്റെ ജനത്തിൽ ഒരുവൻ. ഞാൻ നിന്റെ കണ്ണീരെല്ലാം തുടച്ചുകളയും. ദുഃഖവും കഷ്ടതയും ഇനി നിനക്കുണ്ടാവുകയില്ല.' തൊണ്ണൂറു വർഷക്കാലം കണ്ട പഴയ ഭൂമിയും പഴയ ആകാശവും കുഞ്ഞേനാച്ചനിൽനിന്ന് എപ്പോഴേ ഒഴിഞ്ഞുപോയിരുന്നു. ആ ശരീരം ഒരിക്കൽക്കൂടി ഞെട്ടിവിറച്ചു. തല ഒരുവശത്തേക്കു തിരിഞ്ഞു. കുഞ്ഞേനാച്ചന്റെ ഓർമ്മകളിലൂടെ ചുരുൾനിവരുന്ന ലോകം. കണ്ടതും അനുഭവിച്ചറിഞ്ഞതുമായ ആ വിശാലമായ ലോകത്തിന്റെ ഹൃദ്‌സ്പന്ദനങ്ങൾ അസാധാരണമായ കരവിരുതോടെ ആവിഷ്‌കരിക്കാൻ പാറപ്പുറത്തിനു കഴിഞ്ഞിരിക്കുന്നു. ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടിയുടെ പുതിയ പതിപ്പ്. അവതാരിക : ഡി സി കിഴക്കെമുറി