റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെക്കാൾ നാടകീയവും ഉദ്വേഗജനകവും നാനാഭാവബഹുലവുമായ കഥ ഒരു നോവലിസ്റ്റിനും വിഷയമായി ലഭിച്ചിട്ടില്ല - അദ്ദേഹത്തിനുപോലും. അത്രയേറെ ആന്തരവൈരുദ്ധ്യങ്ങൾ നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. ആത്മക്ഷതങ്ങളുടെ ഘോഷയാത്രയായിരുന്നു ആ ജീവിതം. എത്രയെത്ര അഗ്‌നികുണ്ഡങ്ങളിലൂടെയും രാസക്രിയകളിലൂടെയുമാണ് വിധി അദ്ദേഹത്തെ കടത്തിവിട്ടത്. ശപ്തവും ദാരുണവും യാതനാമയവുമായ ആ ജീവിതകഥ ഏത് ഹൃദയത്തെയും ആഴത്തിൽ സ്പർശിക്കും. ദസ്തയേവ്‌സ്‌കിയുടെ ജീവിതകഥ കെ. സുരേന്ദ്രൻ യഥാതഥമായി പറയുകയാണ്. നോവലിന്റെ രസനീയതയും ജീവചരിത്രത്തിന്റെ കെട്ടുറപ്പും ഒന്നുപോലെ ഇതിൽ സമന്വയിച്ചിരിക്കുന്നു.