ചരിത്രം സൃഷ്ടിക്കുകയല്ലാതെ കുറിച്ചിട്ടു ശീലമില്ലാത്ത നീലകണ്ഠൻ ചരിത്രം എഴുതാൻ തുടങ്ങുമ്പോൾ സ്വപ്നങ്ങൾ കുറിച്ചിടുന്ന ഡയറിതന്നെയാണ് അതിനുപയോഗിക്കുന്നത്. സ്വപ്നവും ചരിത്രവും ഭാവനയും യാഥാർഥ്യവും പരസ്‌പരപൂരകങ്ങളാണ്. അദ്ദേഹം കുറിക്കുന്നത് പഴയ വിപ്ലവചരിത്രമല്ല. പുതിയ ഭൂഭാഗചരിത്രമാണ്, കരിമണലിന്റെ കഥകളാണ്... കൃഷിയും മത്സ്യബന്ധനവും കൊണ്ട് സമ്പദ്സമൃദ്ധമായിരുന്ന ഒരു ദേശം കൃഷി നശിച്ച്, ഭൂമി കടലെടുത്ത്, മത്സ്യസമ്പത്ത് ഇല്ലാതായി, നവസംഘർഷങ്ങളുടെ അരങ്ങായി മാറിയതിൻ്റെ എഴുതപ്പെടാത്ത ചരിത്രമാണത്; ചരിത്രത്തിൻ്റെ പുനരെഴുത്ത്. -ജി. മധുസൂദനൻ സമ്പദ്‌സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിൻ്റെ ജീവിതം തകർക്കുകയും ചെയ്യുന്ന കരിമണൽഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സർഗ്ഗാത്മകരചന. ആഗോളമായി വേരുകളുള്ള ധാതുമണൽരാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിൻ്റെ ഈ അധിനിവേശമാതൃകകൾക്കു നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്‌മൃതമായ വലിയൊരു ചരിത്രത്തിൻ്റെ വീണ്ടെടുക്കൽകൂടിയാകുന്ന പുസ്‌തകം. ജി.ആർ. ഇന്ദുഗോപൻ്റെ ശ്രദ്ധേയമായ നോവലിൻ്റെ പുതിയ പതിപ്പ്