മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!” സംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം… സാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ