മലാല യൂസഫ്‌സായി എന്ന പാകിസ്താനി പെണ്‍കുട്ടിയുടെ ജീവിതകഥ. ‘ആരാണ് മലാല?’ മലാല യൂസഫ്‌സായി എന്ന അഫ്ഗാനി പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഈ ചോദ്യത്തിനു ശേഷമാണ്. അവളുടെ കഥ ലോകമറിഞ്ഞുതുടങ്ങിയതും അതിനുശേഷം. ഇങ്ങനെ ചോദിച്ചുകൊണ്ട് സ്‌കൂള്‍ ബസിലേക്ക് ചാടിക്കയറിയ അക്രമി അവളുടെ തലയിലേക്ക് നിറയൊഴിച്ചത് 2012 ഒക്‌ടോബര്‍ ഒമ്പതിനായിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരാണ് മലാല എന്നറിയാത്തവര്‍ ഇല്ലെന്നുതന്നെ പറയാം. അതിലും പ്രധാനം ‘ഞാനാണ് മലാല’ എന്ന് ഉത്തരം പറയുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ ഉണ്ടായി എന്നതാണ്. അവര്‍ ഉറച്ചസ്വരത്തില്‍ ചോദിക്കുന്നു:ഞാനാണ് മലാല-പഠിക്കാനുള്ള എന്റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്?’. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ത്രസിപ്പിക്കാന്‍പോകുന്ന വലിയൊരു ജനമുന്നേറ്റത്തിന് തുടക്കം കുറിച്ച വ്യക്തി എന്ന നിലയ്ക്കാണ് മലാലയെ ചരിത്രം അടയാളപ്പെടുത്തുകയെന്നുറപ്പ്. സ്വാത് താഴ്‌വരയില്‍നിന്ന് ലോകത്തിന്റെ മുന്‍നിരയിലേക്കുള്ള മലാലയുടെ പരിവര്‍ത്തനം എങ്ങനെ സംഭവിച്ചുവെന്നറിയാനുള്ള അന്വേഷണമാണ് ഈ പുസ്തകം. മലാലയുടെ ഡയറിക്കുറിപ്പുകളും മലാല ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗവും പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 14 ആക്കണമോ അതിലും കുറയ്ക്കണമോ എന്ന ചര്‍ച്ച തുടരുന്ന നമ്മുടെ നാട്ടില്‍നിന്നാണ് ഇനിയൊരു മലാല ഉയര്‍ന്നുവരേണ്ടത്.