പൂർവ്വജന്മങ്ങളിലെ സുകൃതാസുകൃതങ്ങളുടെ ഭോഗത്തിനായി ആത്മസംസ്‌കരത്തിനനുഗുണമായി ലഭിച്ച ജീവിതത്തിൻ്റെ മാർഗ്ഗരേഖയാണ് ജാതകം. ജനനമുഹൂർത്തത്തിന്റെ സവിശേഷതകളെ അപഗ്രഥിച്ചും ഗ്രഹതാര സ്ഥിതികളെ നിരൂപണം ചെയ്തുതും ജാതകൻ്റെ ഭൂതവർത്തമാന ഭവിഷ്യത്കാലജീവിതത്തിന്റെ ഗതിവിഗതികളെ വിലയിരുത്തുകയാണ് ജ്യോതിഷികൾ ചെയ്യുന്നത്. കൃത്യമായ ഫലാവബോധത്തിന് ജ്യോതിഷി അനേകഹോരാ തന്ത്രജ്ഞനും സിദ്ധമന്ത്രനും ഊഹാപോഹ പടുവും ആയിരിക്കണമെന്നു ആചാര്യന്മാർ നിർദ്ദേശിക്കുന്നു. വിവിധ ശാസ്ത്രശാഖകളിലുള്ള അവഗാഹംകൊണ്ടും സമഗ്രമായ ജീവിതവീക്ഷണം കൊണ്ടും സംജാതമാകുന്ന ധൈഷണികോ ർജ്ജമാണ് ഊഹപോഹപടുത്വം. മന്ത്രസാധനകൊണ്ട് മനഃശക്തിയും ഈശ്വരനുഗ്രഹവും നേടിയിട്ടുള്ള ജ്യോതിഷിയുടെ വചനം മിഥ്യയാകുകയില്ല. വ്യക്തിയുടെ ജീവിതത്തെ ആയുർനിർണ്ണയംചെയ്ത് ദശാകാലങ്ങളയി വിഭജിച്ച് ജാതകത്തിലെ ഗ്രഹസ്ഥിതിയുടെ അനുകൂല പ്രതികൂലഭാവങ്ങളെ വിലയിരുത്തി ഫലനിർണ്ണയം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് ദശാഫലമുക്താവലി അനേകജ്യോതിഷ ഗ്രന്ഥങ്ങളിലെ സാരതത്വങ്ങളെ സ്വാംശീകരിച്ച് തയ്യാറാക്കപ്പെട്ട ഈ ഗ്രന്ഥം ജ്യോതിഷപണ്ഡിതന്മാർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും സൂക്ഷ്‌മമായ നിഗമനങ്ങളിലെത്താൻ സഹായിക്കുന്നു. ദശാനിർണ്ണയത്തിനും ദശാപഹാരഛിദ അന്തർദശകളെ ഗണിക്കുന്നതിനും ഉള്ള സരളഗണിതക്രിയകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദശാഫലങ്ങളെ സമ്പുഷ്ടമാക്കുന്നതിനും ദോഷനിവാരണത്തിനും ഉതകുന്ന മന്ത്ര തന്ത്ര പൂജാദാന വിധികളും യഥാവസരം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവ് വടയറ്റുകോട്ട കെ.പരമേശ്വരൻ പിള്ളയാണ്. 1955 ൽ ഇതിൻ്റെ ആദ്യപതിപ്പ് എസ്.റ്റി. റെഢ്യർ പ്രസിദ്ധീകരിച്ചു. അനേകപണ്‌ഡിതന്മാരുടെ നിരന്തരമായ നിർദ്ദേശങ്ങളെ മാനിച്ച് പുനഃ പ്രസിദ്ധീകരണം ചെയ്യുന്ന ഈ ഗ്രന്ഥം ജ്യോതിഷ ശാസ്ത്രശാഖയ്ക്ക് മുതൽകൂട്ടായിരിക്കും എന്നതിൽ സംശയമില്ല.