അരങ്ങിൽ എവർഗ്രീൻ ഹീറോ, അഭ്രപാളിയിൽ അഭിനയപാടവം കൊണ്ട് നമ്മെ വിറപ്പിച്ച വില്ലൻ, പ്രതിഭ തെളിയിച്ച നാടകകൃത്ത്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ... എന്നീ നിലകളിൽ അനന്യ സാധാരണമായ കഴിവിനാൽ പ്രശോഭിച്ചുനിന്ന അനുഗൃഹീത പ്രതിഭാധനനും, മലയാളികൾക്ക് സുപരിചി തനും ഏറെ പ്രിയങ്കരനുമായിരുന്നു എൻ. ഗോവിന്ദൻകുട്ടി. വടക്കൻപാട്ടു കഥകളിലെ ധീരോദാത്തമായ നായിക-നായകന്മാരെ നമുക്കു മുമ്പിൽ ചേതോഹരമാക്കി ത്തന്ന ആ അനശ്വരകഥാകാരന്, ഭക്തിനിർഭരമായ ചരിത്രം ഉറങ്ങുന്ന കഥകളും അന്യമായിരുന്നില്ല. വിശ്രുതനും വിശ്വസ്വരൂപനുമായ അയ്യപ്പസ്വാമിയും, വിശ്വാസത്തിൻ്റെ വിശ്വോത്തര വിജയചരിത്രം വിരചിച്ച വാവരും തമ്മിലുള്ള സുദൃഢമായ സുഹൃദ്ബന്ധത്തിൻ്റെ ചൈതന്യവത്തായ കഥ, പുരാ ണൈതിഹ്യങ്ങളിൽ നിന്ന് ഗവേഷണ ചാതുര്യതയോടെ സ്വാംശീകരിച്ച് അദ്ദേഹം മനോഹാരിതയോടെ സൃഷ്ടിച്ചെടുത്ത അയ്യപ്പസ്വാമിയും വാവരും എന്ന ഈ തിരക്കഥ, ഏറെ സംഭവബഹുലവും, ഭക്തി സാന്ദ്രവും, ആത്മീയ ചൈതന്യം പകർന്നു തരുന്നതും, ഏവരെയും പുളകം കൊള്ളിക്കുന്നതുമാണ്. 24-ൽ പരം വൈവിധ്യമാർന്ന തിരക്കഥകൾ ചലചിത്രവേദിക്കു സമ്മാനിച്ച, അദ്ദേഹത്തിന്റെ രചനാ ശില്പങ്ങളെല്ലാം തന്നെ ജനഹൃദയങ്ങളിൽ ഇടം നേടിയവയും, കരുത്തുറ്റതും സ്ഫടികസ്ഫുടത യാർന്നതുമായ സംഭാഷണ ശൈലിയാലും ഭാവനാസമ്പന്നതയാലും അതീവസൂക്ഷ്മങ്ങളായ പശ്ചാ ത്തല-രംഗ-ഗാന-കേമറ ചലനവിവരണങ്ങളാലും, കാവ്യാത്മകത മുറ്റിനിൽക്കുന്ന ആഖ്യാന നിപുണ തയാലും നമ്മളിൽ സിനിമ കണ്ടു സായൂജ്യമടഞ്ഞ ഒരു പ്രതീതി ഉളവാക്കുന്നവയുമാണ്. സത്യത്തിന്റെയും ധർമ്മത്തിൻ്റെയും സമാധാനത്തിൻ്റെയും സർവ്വോപരി ഈശ്വരീയവുമായ ഈ മഹാമൂല്യ സൃഷ്ട്ടി, മതസൗഹാർദ്ദത്തിനും ദേശസ്നേഹത്തിനും ഉള്ള പ്രാധാന്യതയിലേക്ക് ഇളം തലമുറയെ പ്രബുദ്ധരാക്കുവാൻ പര്യാപ്തവും, തിരക്കഥാപഠനം സ്വായത്തമാക്കന്നവർക്ക് ഒരു വരദാനവുമാണ്.