വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ സൃഷ്ടിച്ച എഴുപതുകൾ മലയാളസാഹിത്യത്തിൽ പലരീതിയിൽ അടയാളപ്പെട്ടിട്ടുണ്ട്. ഉള്ളിൽ തീപ്പന്തവുമായി നടന്ന യുവാക്കൾ. അവരുടെ സമരജീവിതം, അവരുടെ ചുറ്റുമുണ്ടായിരുന്ന പ്രിയപ്പെട്ട മനുഷ്യരുടെ ജീവിതം. ഇതെല്ലാം വലിയ സാമൂഹ്യഓർമ്മകളാണ്. എഴുതപ്പെടാത്ത ചരിത്രമാണ് ഇത്തരം സോഷ്യൽ മെമ്മറി. ചരിത്രം തിരുത്തി എഴുതാം, പക്ഷേ, സാമൂഹ്യഓർമ്മയെ തിരുത്തി എഴുതാനാവില്ല. കാരണം, അത് സമൂഹത്തിന്റെ അനുഭവങ്ങൾകൊണ്ട് എഴുതപ്പെട്ട രേഖയാണ്. ലോക്കറുകളിലോ മ്യൂസിയങ്ങളിലോ വച്ചുപൂട്ടാൻ ആവാത്ത ഒന്ന്. കഠിനമായ ജീവിതാനുഭവത്തിന്റെ പകർപ്പുകൾ. ഇങ്ങനെ എഴുപതുകളുടെ ഭൂമികയിൽ സത്യസന്ധമായ ജീവിതം നയിച്ച കുറെ മനുഷ്യരുടെ സമരജീവിതത്തെ, സാമൂഹ്യമായ ഓർമ്മയിൽനിന്നെടുത്ത് ക്രിയാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്ന നോവലാണ് ജോൺ ഫെർണാണ്ടസിന്റെ 'കനൽ കൊച്ചി'.