"ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിൻ്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധംപോലും ആവശ്യമില്ലാത്ത ഗഗനചാരി-" ഇത് തന്റെ വിഖ്യാതമായ തിരക്കഥയിൽ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജൻ എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിൻ്റെയും കലാവിഷ്‌കരണങ്ങളിൽ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധർവസാന്നിദ്ധ്യമായിരുന്നു. പ്രണയത്തിൻ്റെ ശാരീരികവും സാമൂഹികവുമായ തലങ്ങൾ പത്മരാജൻ അനശ്വരമായി ആവിഷ്‌കരിച്ചു. യശഃശരീരനായ നിരൂപകൻ കെ. പി. അപ്പൻ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കൽ തെരഞ്ഞെടുത്ത ലോല ഉൾപ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂർവസമാഹാരം. പ്രണയത്തിനും പ്രണയികൾക്കും ഒരു കഥാപുസ്‌തകം!