ജീവിതം തുടിക്കുന്ന കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ മഞ്ഞയിൽ കറുത്തവരകൾ. ആഖ്യാനത്തിന്റെ കരുത്തും ഭാഷയുടെ ഭംഗിയും കഥകൾക്ക് മികവ് പകരുന്നു. ആഖ്യാനത്തിൽ കൃത്രിമമായ പരീക്ഷണങ്ങൾക്ക് മുതിരാതെ സത്യസന്ധമായി പറയുന്ന കഥകളാണ് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റേത്. ചിലയിടത്ത് അവ മനസ്സിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുന്നു. സ്വയം വിചാരണ ചെയ്യുന്നു. മറ്റു ചിലപ്പോൾ വിചിത്രസ്വഭാവികളായ കഥാപാത്രങ്ങളെ നിർമമതയോടെ വിവരിക്കുന്നു. കല്പിതകഥയുടെയും ഭാഷയുടെയും വന്യമായ സൗന്ദര്യം ഈ എഴുത്തുകളിൽ കാണാം. ഈ സമാഹാരത്തിലെ കഥകളെ ചിത്രങ്ങളാക്കിയാൽ കടുത്ത നിറങ്ങളുപയോഗിച്ചോ അല്ലെങ്കിൽ ഇരുളും വെളിച്ചവുമായോ വരയ്ക്കേണ്ടിവരും. മലയാള കഥയുടെ ഏറ്റവും പുതിയ മുഖം ഈ താളുകളിലുണ്ട്.