തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു. കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.