രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭി നയിച്ച് അന്തർധാനം ചെയ്‌തു. ശവക്കുഴിയിൽ, പട്ടട യിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞു പോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്‌പാടുകൾ പഴയ കാല്‌പാടുകളെ മായി ക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.