'ഞാൻ വായിച്ച പുസ്‌തകങ്ങൾക്കും സംസാരിച്ച വാക്കുകൾക്കും ഉള്ളിൽനിന്നാണ് എൻ്റെയും നിൻ്റെയും കഥകൾ വരുന്നത്' പോലുള്ള രഹസ്യനിർദ്ധാരണങ്ങൾ ഇതിൽ കുറേയുണ്ട്. വായനയെ ഒരു ജൈവപ്രക്രിയയായി, വ്യക്തിഗതവും സാമൂഹികവുമായ പ്രവർത്തനം തന്നെയായി, കാണുന്നതുകൊണ്ടാണ് തത്ത്വനിവേദനങ്ങൾ ജനിക്കുന്നത്. എന്നാലിത് നോവലിൻ്റെ പാരായണക്ഷമതയെ ബാധിക്കുന്നില്ല. രസിച്ചുവായിക്കാനും വായിച്ചു രസിക്കാനും പറ്റുന്ന ഫിക്‌ഷനാണിത്. ആഴക്കുറവില്ലാത്ത സാരള്യം ഈ അതിപുസ്‌തകത്തെ വായനക്കാരന്റെ സ്നേഹദ്രവ്യമായി മാറ്റുന്നു. - ഇ.പി. രാജഗോപാലൻ പുസ്‌തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്‌മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിൻ്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്ന രചന. അജയ് പി. മങ്ങാട്ടിൻ്റെ ആദ്യ നോവൽ