നാരായണഗുരുവിൻ്റെ സത്യദർശനം വിശാലലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത സച്ഛിഷ്യനും തനിമയുള്ള ഒരു ദർശനത്തിന് ഉടമയെന്ന നിലയിൽ ഒരു സദ്‌ഗുരുവും നാരായണ ഗുരുകുലത്തിൻ്റെ സ്ഥാപകനുമായ നടരാജഗുരുവിൻ്റെ സമഗ്രമായ ജീവചരിത്രം. ആധുനികരിൽ ആധുനികനും പുരാതന ഋഷിമാരുടെ പ്രതിനിധിയും ആയിരുന്നു നടരാജഗുരു. പൂർവ്വചരിത്രവും ഭാവിയിലെ സാദ്ധ്യതയും ആ വ്യക്തിയിൽ കേന്ദ്രീകരിച്ച് ഒന്നായി നിന്നുകൊണ്ട് വർത്തമാനത്തെ ഭാസുരമാക്കി. തന്റെ തത്ത്വചിന്തപോലെതന്നെ അകത്തുള്ളതെന്നും പുറത്തുള്ളതെന്നും വേർതിരിക്കാനാവാത്ത സമഗ്രവ്യക്തിത്വമായിരുന്നു ഗുരുവിൻറേത്. - നിത്യചൈതന്യയതി നാരായണഗുരുവിൻറെ ദർശനം മറ്റ് ദാർശനികസമ്പ്രദായങ്ങളിൽ ഒന്നല്ലെന്നും സകല ദർശനസമ്പ്രദായങ്ങളെയും സകല ശാസ്ത്രങ്ങളെയും സകല വിദ്യകളെയും സ്വന്തം വിശാലതയുടെ വ്യാപ്തിക്കുള്ളിൽ വരുന്നതായി കാണുന്ന സമഗ്രതയുള്ള സത്യദർശനമാണെന്നും നടരാജഗുരു കണ്ടറിഞ്ഞു. അങ്ങനെയൊരു സത്യദർശനമായി തൻ്റെ ഗുരുവിൻ്റെ ദർശനത്തെ സമഗ്രതയുള്ള ഒരു ശാസ്ത്രമായി അവതരിപ്പിക്കാൻ കഴിയണം എന്നുള്ളതായിരുന്നു നടരാജഗുരു ഏറ്റെടുത്ത ജീവിതദൗത്യം.